
നാളത്തെ പൊതുപണിമുടക്കിൽ കെഎസ്ആർടിസിയിലെ തൊഴിലാളികൾ പങ്കെടുക്കില്ലെന്ന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. നാളെ കെ എസ്ആർടിസി സ്തംഭിക്കുമെന്നും ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കുമായി സഹകരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് പറയാൻ മന്ത്രിക്ക് അധികാരമില്ലെന്നും ഇടതു മുന്നണി കൺവീനർ കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി മാത്രമല്ല, സ്വകാര്യ ബസുകളും നാളെ സർവീസ് നടത്തില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. സ്വമേധയാ പണിമുടക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ബസുകൾ നിരത്തിലിറക്കിയാൽ അപ്പോൾ അതിനെ കുറിച്ച് ആലോചിക്കാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.











